സംഗീത നീലിമയില്‍ സിതാര ...

"യേശുദാസ് സാറിന്‍റെ മുന്നില്‍ പാടിയതും അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയതും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷമാണ്. ദാസ് സാറിനോടൊപ്പം ഒരു ഗാനം ആലപിക്കുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന്" 

സംഗീതമെന്ന തപസ്യയില്‍ മുങ്ങി കുളിച്ച് രാഗതാളലയങ്ങള്‍ ജീവിത വൃതമാക്കി പ്രതിഭ തെളിയിച്ച സിതാര കൃഷ്ണകുമാര്‍ ഗസല്‍ സന്ധ്യകളുടെ നീലിമയില്‍ മിന്നിത്തിളങ്ങുന്ന ഒരു താരമായി മാറി കഴിഞ്ഞിരിക്കുന്നു. ശബ്ദത്തിന്റെ മധുരിമയും സ്വഭാവത്തിലെ ലാളിത്യവും ചലച്ചിത്ര പിന്നണി ഗാനരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംഗീതലോകത്ത് തന്‍റേതായ ഒരു സ്ഥാനമുറപ്പിക്കാന്‍ കരുത്തേകി. സംഗീതം ജീവശ്വാസമാണെങ്കില്‍ നിര്‍ത്തം ജീവവായുവാണ് ഈ കലാകാരിക്ക്. ജന്മസിദ്ധമായ കഴിവുകളും കലയോടുള്ള അര്‍പ്പണമനോഭാവവും ഒത്തു ചേര്‍ന്നപ്പോള്‍ കലാകേരളത്തിന് സ്വന്തമായത് പ്രഗത്ഭയായ ഒരു കലാകാരി സിതാര കൃഷ്ണകുമാര്‍. 

 
കോഴിക്കോട് സ്വദേശിയായ സിതാര നാലാം വയസിലാണ് അച്ഛന്‍ Dr. കൃഷ്ണകുമാറിന്റെയും അമ്മ ശാലി കൃഷ്ണകുമാറിന്റെയും കൈ പിടിച്ചു സംഗീത ലോകത്തേക്ക് പിച്ച വച്ച് കയറിയത്. ഗുരുക്കന്മാരായ രാമനാട്ടുകര സതീഷ്, പാല CK രാമചന്ദ്രന്‍ എന്നിവരില്‍ നിന്നും കര്‍ണാടക സംഗീതവും ഉസ്താദ് ഫിയാസ് ഖാന്‍, വിജയസേനന്‍ എന്നിവരില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും കലാമണ്ഡലം വിനോദിനി ടീച്ചറിന്റെ കീഴില്‍ നിര്‍ത്തവും അഭ്യസിച്ചു. രണ്ടു വര്‍ഷം തുടര്‍ച്ചയായി കലാതിലക പട്ടം ചാര്‍ത്തിയ സിതാര 2004 ല്‍ ഏഷ്യാനെറ്റ്‌ സപ്തസ്വരങ്ങള്‍, കൈരളി ഗന്ധര്‍വസംഗീതം, ജീവന്‍ TV വോയിസ്‌ 2004 എന്നീ റിയാലിറ്റി ഷോകളിലുടെ മികച്ച ഗായികയായി വരവറിയിക്കുകയും 2007 ല്‍ വിനയന്റെ അതിശയനിലുടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും എത്തി. ബാബുരാജ്‌ മെമ്മോറിയല്‍ അവാര്‍ഡ്‌, കൈരളി സ്വരലയ യേശുദാസ് അവാര്‍ഡ്‌, മുഹമ്മദ്‌ റാഫി അവാര്‍ഡ്‌ തുടങ്ങിയ പത്തിലധികം അംഗീകാരങ്ങളും നേടി മുന്നേറുകയാണ് സിതാര കൃഷ്ണകുമാര്‍. 

വര്‍ഷങ്ങളോളം സംഗീതവും നൃത്തവും തുല്യ പ്രാധാന്യത്തോടെ അഭ്യസിച്ചു പോന്ന സിത്താര സംഗീതമാണ് സ്വന്തം മേഖല എന്ന് തിരിച്ചറിഞ്ഞത് ഏത് നിമിഷമാണ്?

സംഗീതം മാത്രമാണ് എന്‍റെ മേഖല എന്ന് പറയാന്‍ കഴിയില്ല. സംഗീതത്തേയും നൃത്തത്തെയും ഞാന്‍ തുല്യ പ്രാധാന്യത്തോടെ തന്നെ ഇപ്പോളും കാണുന്നു. ടെലിവിഷന്‍ പരിപാടികളും റിയാലിറ്റി ഷോകളും സംഗീതത്തിന് നിരവധി അവസരങ്ങള്‍ നല്‍കിയ ഒരു സമയത്തായിരുന്നു ഞാന്‍ പാടി തുടങ്ങിയത്. അത്തരം അവസരങ്ങലിളുടെ സംഗീതം എന്‍റെ മേഖലയായി തീരുകയായിരുന്നു. പിന്നെ ചെന്നൈ പോലുള്ള നഗരങ്ങളിലെ പോലെ നൃത്തത്തിനു വേണ്ടിയുള്ള സഭകളും ഫെസ്റ്റിവല്‍സും ഒക്കെ ഇവിടെ വളരെ കുറവായതും ഒരു കാരണമാണ്. നിശാഗന്ധിയിലും ഗുരുവായുരിലും ഉള്‍പ്പെടെ നിരവധി വേദികളില്‍ ഞാന്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇനിയും ചെയ്യാനും ആഗ്രഹമുണ്ട്. ഗുരു കലാമണ്ഡലം വിനോദിനി ടീച്ചറുടെ  കീഴില്‍ ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ട്‌. സംഗീതത്തില്‍ എന്നത് പോലെ നൃത്തത്തിലും പുതിയ പടവുകള്‍ ഏറി മുന്നേറണമെന്ന് തന്നെയാണ് ആഗ്രഹം.    

നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരു ഗായിക എന്ന നിലയില്‍ എന്തെല്ലാം വ്യത്യാസങ്ങളാണ് തോന്നിയിട്ടുള്ളത്?

അതിശയന്‍ എന്ന സിനിമയില്‍ അല്‍ഫോന്‍സ്‌ സാറിനു വേണ്ടിയാണ് ഞാന്‍ ആദ്യമായി മലയാള സിനിമയില്‍ പാടുന്നത്. അതിനു ശേഷം കുറെയേറെ പാട്ടുകള്‍ മലയാളത്തില്‍ പാടാന്‍  അവസരം ലഭിച്ചു. പിന്നീട് തമിഴില്‍ ആദ്യമായി പാടാന്‍ ജി. വി.പ്രകാശ്‌ സാര്‍ ക്ഷണിച്ചപ്പോള്‍  റെക്കോഡിംഗ്  സ്റ്റുഡിയോസ് ഒക്കെ ഒരു വിധം  പരിചിതമായി കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മലയാളം പോലെ തമിഴും എനിക്ക് കംഫര്‍ട്ടബിള്‍ ആയിരുന്നു. ഔസേപ്പച്ചന്‍ സാറിനു വേണ്ടിയാണ് കന്നടയില്‍ ആദ്യമായി പാടിയത്. മറ്റു രണ്ടു ഭാഷകളിലും പാടിയിട്ടുള്ള പരിചയം കന്നടയിലും തെലുങ്കിലും ഗുണം ചെയ്തിട്ടുണ്ട്. സംഗീത സംവിധായകരും  രചയിതാക്കളും ഭാഷയിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരുഭാഷയിലും ഇതുവരെ എനിക്ക് ബുദ്ധിമുട്ടും ഒന്നും തന്നെ ഉണ്ടായിട്ടില്ല.

സിതാര എന്ന ഗായികയ്ക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയിട്ടുള്ള ഒരു പെര്‍ഫോര്‍മന്‍സ് അല്ലെങ്കില്‍ പാട്ട്?

അഭിമാനം എന്ന് പറയാന്‍ കഴിയില്ലെങ്കിലും ചില പാട്ടുകള്‍ പാടി കഴിയുമ്പോള്‍ ഒത്തിരി ആത്മ സംതൃപ്തി തോന്നിയിട്ടുണ്ട്. ജി.വി. പ്രകാശ് സാറിനു വേണ്ടി തമിഴില്‍ പാടിയ പാട്ട്, ഇപ്പോള്‍ എം. ജയചന്ദ്രന്‍ സാറിനു വേണ്ടി സെല്ലുലോയിട് എന്ന സിനിമയിലേത് ഇവയൊക്കെ ഒത്തിരി സംതൃപ്തി നല്‍കിയ പാട്ടുകളാണ്. സെല്ലുലോയിടില്‍  1930 കാലഘട്ടമാണ് പശ്ചാത്തലം. അതും  ഒരു പുതിയ അനുഭവം ആയിരുന്നു. ഓരോ പാട്ടും പാടി കഴിഞ്ഞ് കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. സംഗീതം കൂടുതല്‍ മെച്ചപ്പെടുവാന്‍ അങ്ങനെ തോന്നുക തന്നെ വേണം എന്നാണ് എന്‍റെ  അനുഭവം. എല്ലാ ലൈവ് പെര്‍ഫോര്‍മന്‍സ് കഴിയുമ്പോഴും  സംഗീത സംവിധായകര്‍ ഉള്‍പ്പെടെ പലരും അഭിപ്രായം പറയാറുണ്ട്. എന്ത് അഭിപ്രായമായാലും  അതെല്ലാം നല്ല രീതിയില്‍ തന്നെ ഞാന്‍ സ്വീകരിക്കാറുമുണ്ട്. 


പഴയ കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ ഒറ്റ സ്ട്രെച്ചില്‍ പാടാനുള്ള അവസരം കിട്ടിയിട്ടുണ്ടോ?

ഓള്‍ ഇന്ത്യ റേഡിയോയില്‍ ലളിത ഗാനങ്ങള്‍ പാടുമ്പോള്‍ അവിടെ എല്ലാ പാട്ടുകളും മുഴുനീളം പാടിയാണ് റെക്കോര്‍ഡ്‌ ചെയുന്നത്.   ഒരു മ്യൂസിക്‌ ടീച്ചര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ അത്പോലെ ഉള്‍ക്കൊണ്ട് പാടുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഒരിക്കലും ഓള്‍ ഇന്ത്യ റേഡിയോയിലെ  ഗാനങ്ങള്‍ നഷ്ടപെടുത്താറില്ല. സിനിമയില്‍ മിക്കവാറും ഒറ്റ സ്ട്രെച്ചില്‍ പാട്ടുകള്‍ എടുക്കാറില്ല. ഒരു പാട്ടിന്‍റെ മൊത്തത്തില്‍ ഉള്ള രൂപ രേഖ സാധാരണ പാടിയതിന് ശേഷം ആയിരിക്കും തീരുമാനിക്കുക. എല്ലാത്തരം സംഗീത ഉപകരണങ്ങളും കഥാപാത്രത്തിനും സിനിമാ സന്ദര്‍ഭത്തിനും ഇണങ്ങുന്ന രീതിയില്‍  ചേര്‍ത്ത് വരുമ്പോള്‍ ഒരു വലിയ മാറ്റം തന്നെ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. 

പിന്നണി ഗാനങ്ങള്‍ - ഗസല്‍ സന്ധ്യകള്‍ ഏതാണ് ഏറ്റവും പ്രിയപ്പെട്ടത്?

രണ്ടിനും പ്രത്യേകതകള്‍ ഉണ്ട്. ഗസല്‍ സന്ധ്യകള്‍ കേള്‍ക്കാന്‍ വരുന്നവര്‍ പൊതുവെ നല്ല സംഗീത ജ്ഞാനം ഉള്ളവരായിരിക്കും. അവര്‍ കുറെ നല്ല വ്യത്യസ്തമായ ഗാനങ്ങള്‍ ആവശ്യപ്പെടാറുണ്ട്. നേരിട്ടുള്ള പ്രതികരണം കൂടുതല്‍ കിട്ടുന്നത്  ഗസല്‍ സന്ധ്യകള്‍ ചെയ്യുമ്പോളാണ്. പിന്നണി ഗാനങ്ങളില്‍ നമ്മള്‍ ഒരു സംഗീത സംവിധായകാന്റെ സംഗീത സൃഷ്ടിയെ പൂര്‍ണമായി ഉള്‍ക്കൊണ്ട്‌  അത് ഉദേശിച്ച രീതിയില്‍ പുനരാവിഷ്കരിക്കുകയാണ്‌ ചെയ്യുന്നത്. എനിക്ക് രണ്ടും ഒരുപോലെ പ്രിയപെട്ടതാണ്.

  

സിതാരയുടെ  വ്യത്യസ്തമായ  പല പാട്ടുകള്‍ക്കും ആവശ്യമായ സ്വര വ്യത്യാസങ്ങള്‍ വരുത്താന്‍ എങ്ങനെയാണ് പരിശീലിക്കുന്നത്?

ഇത്  പലരും  ചോദിക്കാറുണ്ട്. സിനിമയില്‍ പാടിയ പല പാട്ടുകളും വ്യത്യസ്ത രീതിയില്‍ ഉള്ളവയായിരുന്നു .  ഞാന്‍ ഓരോ പ്രത്യേക ശ്രുതിയില്‍ പാടുമ്പോള്‍ സ്വരം മാറ്റി പാടുന്ന പോലെ തോന്നുന്നതാണ്. 'എല്‍സമ്മ  എന്ന ആണ്‍കുട്ടി' യിലെ  'കണ്ണാരം പൊത്തി പൊത്തി'  പാട്ട് തന്നെ ചിലര്‍ വിചാരിച്ചത് രണ്ടു പേര്‍ ചേര്‍ന്നാണ് പടിയതെന്നാണ്.  ശരിക്കും  ആ പാട്ടില്‍ രാജാമണി സാറിന്റെ  ഈണത്തിന്  ഞാന്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. എത്ര തിരക്ക് ഉണ്ടെങ്കിലും പ്രാക്ടീസ് ചെയാന്‍ സമയം കണ്ടെത്താറുണ്ട്. അതിലുപരി എന്റെ മനസ്സില്‍ എപ്പോളും സംഗീതം ഉണ്ടാകും. അത് തന്നെ ഒരു പ്രാക്ടീസ് അല്ലെ.  ഇപ്പോള്‍ ഞാന്‍ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ആണ് കൂടുതലും പ്രാക്ടീസ് ചെയ്യുന്നത്‌.   

ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷം?

യേശുദാസ് സാറിന്‍റെ മുന്നില്‍ പാടിയതും അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും അവാര്‍ഡ്‌ വാങ്ങിയതും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷമാണ്. 2001 ല്‍ ബാബുരാജ് മെമ്മോറിയല്‍ അവാര്‍ഡ്‌ ദാന ചടങ്ങില്‍ ഫൈനല്‍ റൌണ്ടിലാണ് സാറിന്‍റെയും ജാനകിയമ്മയുടെയും മുന്നില്‍ പാടുവാനും ഒന്നാം സ്ഥാനം നേടുവാനും സാധിച്ചത്. അന്ന് ആദ്യമായി ദാസേട്ടനെ കണ്ട എനിക്ക് പ്രതീക്ഷിക്കാതെ ലഭിച്ച ഒരു ഭാഗ്യമായിരുന്നു അത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം സ്വരലയ യേശുദാസ് അവാര്‍ഡും അദ്ദേഹം എനിക്ക് സമ്മാനിച്ചു. ദാസ് സാറിനോടൊപ്പം ഒരു ഗാനം ആലപിക്കുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന്.


വര്‍ഷങ്ങളോളം കലോത്സവ വേദികളില്‍ ഒരു സ്ഥിര സാനിധ്യമായിരുന്ന സിതാര 2013 ലെ സ്കൂള്‍ കലോത്സവത്തില്‍ ഒരു ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയപ്പോള്‍ ഉണ്ടായ അനുഭവം? 

എല്ലാ കലോത്സവങ്ങളിലും ഞാന്‍ മലപ്പുറം ജില്ലയ്ക്കു വേണ്ടിയായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ മലപ്പുറത്ത് തന്നെ വച്ചു നടന്ന കലോത്സവത്തില്‍ ക്ഷണിക്കപ്പെട്ട ഒരു അതിഥിയായി എത്തുവാനും ഏറ്റവും നല്ല ഗസല്‍ പ്രേക്ഷകര്‍ ഉള്ള  മലപ്പുറത്ത് അവര്‍ക്ക് മുന്നില്‍ പാടാനും കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം തോന്നി. അതിലുപരി സ്കൂളിലെ എന്റെ അധ്യാപകരെ വീണ്ടും അടുത്ത് കാണുവാനും സന്തോഷം പങ്കുവയ്ക്കുവാനും ഈ കലോത്സവം ഒരു അവസരം ഒരുക്കിത്തന്നു. ഞാന്‍ പങ്കെടുത്തിട്ടുള്ള കലോത്സവങ്ങള്‍ അന്ന് റിപ്പോര്‍ട്ട്‌ ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകരെ വീണ്ടും അതേ വേദിയില്‍ കണ്ടപ്പോള്‍ ഉണ്ടായത് വേറിട്ട ഒരു അനുഭവം ആയിരുന്നു.

ഇപ്പോഴത്തെ റിയാലിറ്റി  ഷോകളുടെ ഗുണനിലവാരത്തെ പറ്റി? 

യുവ ഗായകര്‍ക്ക് കഴിവ്  പ്രകടിപ്പിക്കാനുള്ള മികച്ച വേദി തന്നെയാണ് റിയാലിറ്റി ഷോകള്. ഒരുപാടു ഗായകര്‍ ഉള്ളതുകൊണ്ടാകാം അധികം പേര്‍   പ്രശസ്തിയിലേക്ക് എത്തിയില്ലാന്നു നമുക്ക് തോന്നുന്നത്.  നജീമിനെ പോലുള്ള  പുതിയ ഗായകര്‍ റിയാലിറ്റി ഷോയിലുടെ വന്നു സിനിമയിലും  ഒരുപിടി നല്ല  പാട്ടുകള്‍ പാടിയിട്ടുണ്ട്.    വിജയികള്‍ ആകുന്നവര്‍  പെട്ടെന്നുള്ള പ്രശസ്തിയില്‍ മതിമറക്കാതെ സംഗീതവുമായി മുന്നോട്ട്  പോയാല്‍ അവര്‍ക്ക് നല്ല ഭാവി ഉറപ്പായിട്ടും ഉണ്ടാകും. സിനിമയില്‍ പാടിയാല്‍ മാത്രമേ ഗായകരാകൂ എന്ന മനോഭാവം മാറ്റി അതിലുമപ്പുറം വിശാലമായ സംഗീതലോകത്തേക്ക് എത്തിച്ചേരാന്‍ പരിശ്രമിക്കണം. 

സിതാരയുടെ  പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വളര്‍ന്നു വരുന്ന യുവ ഗായകരോട്  എന്താണ് പറയാനുള്ളത്?

ഒരിക്കലും സിനിമ ലോകത്തെ അവസരങ്ങളെ കുറിച്ച് അധികം ചിന്തിക്കരുത്. പ്രധാനമായും സിനിമയില്‍ ഞങ്ങള്‍ ഗായകര്‍ ഒരു ഗാനത്തിന് തിരെഞ്ഞെടുക്കപ്പെടുകയാണ്. അല്ലാതെ  നമ്മള്‍ ഒരു ഗാനം തിരഞ്ഞു എടുക്കുകയല്ല.  ഒരു പാട്ട്‌ ചിലപ്പോള്‍  രണ്ടോ മൂന്നോ പേരെക്കൊണ്ട് പാടിപ്പിച്ചതിനു ശേഷം അതില്‍  ഒരെണ്ണം തിരഞ്ഞെടുക്കുന്ന ഒരു പുതിയ രീതി ഇപ്പോള്‍ ഉണ്ട്. അതല്ലെങ്കില്‍ ഒരു സിനിമയിലെ എല്ലാ പാട്ടും ഒരാളെ കൊണ്ട് പാടിച്ചിട്ടു അതില്‍ ഏറ്റവും നന്നായി ഇണങ്ങുന്ന ഒരു ഗാനം മാത്രം ആ ഗായികയ്ക്ക് അഥവാ ഗായകന് നല്‍കാറുണ്ട്. ഇതൊക്കെകൊണ്ട് നമുക്ക് കിട്ടാത്ത പാട്ടിനെ കുറിച്ച് വിഷമിക്കേണ്ട കാര്യം ഇല്ല. ഒരു പാട്ട്  ഏറ്റവും  യോജിച്ച ആള്‍ തന്നെ പാടണം എന്നാണ് എന്‍റെ ആഗ്രഹം.

കുടുംബത്തിന്റെ പിന്തുണ എത്ര മാത്രം ഉണ്ടായിരുന്നു?

തീര്‍ച്ചയായും  കുടുംബത്തിന്റെ പിന്തുണ ഇല്ലാതെ ഒരിക്കലും ഒരു കലാകാരിക്ക്  മുന്നോട്ടു പോകാനാവില്ല . എന്റെ അമ്മ എന്റെ ചെറു പ്രായത്തില്‍  തന്നെ കുറെ നല്ല സംഗീത അദ്ധ്യാപികമാരെ കണ്ടെത്തി  എന്നെ പഠിപ്പിക്കാന്‍  ഒക്കെ താത്പര്യം കാണിച്ചിരുന്നു. സംഗീതം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനു പൂര്‍ണ പിന്തുണയുമായി  അച്ഛനും അമ്മയും നിന്നു.  പിന്നണി ഗായികയായി അറിയപ്പെടണമെന്ന  ആഗ്രഹം എന്നെക്കാള്‍  ഉള്ളത് എന്റെ ഭര്‍ത്താവ് സജീഷിനാണ്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ Clinical Cardiologist ആണ് സജീഷ്. കല്യാണത്തിന് ശേഷമാണ്  സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത്. എല്ലാ പ്രോഗ്രാമിനും എന്റെ കൂടെ ഉണ്ടാകുകയും ചെയ്യും. 


ഗസല്‍ സന്ധ്യകളും നിരവധി സ്റ്റേജ്  ഷോകളും നിറഞ്ഞ തിരക്കിട്ട ജീവിതത്തിലും സ്വന്തം ഗുരുക്കന്മാരുടെ അരികിലേക്ക് ഓടിയെത്തി അനുഗ്രഹാശിസ്സുകള്‍ വാങ്ങുവാന്‍ സിതാര മറക്കാറില്ല. അത് തന്നെയാകണം ഈ ചുരുങ്ങിയ കാലത്തിനിടയില്‍ ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറാന്‍ സിതാരയെ പ്രാപ്തമാക്കിയത്. തിരക്കുകള്‍ക്കിടയിലും തിരശീലയുമായി  അനുഭവങ്ങള്‍ പങ്കുവെച്ച   സിത്താര കൃഷ്ണകുമാറിന് ഞങ്ങളുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു . കലാജീവിതത്തിലും  വ്യക്തി ജീവിതത്തിലും   പുതിയ പുതിയ നേട്ടങ്ങളും സന്തോഷങ്ങളും ഉണ്ടാകുവാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടു .... 
Sithara Gazal Concert | Photo Gallery

തയ്യാറാക്കിയത് 
വീണ കിരണ്‍ 
 • Special Stories
 • ദ്രാവിഡ പുത്രി - ഹിമ ശങ്കര്‍
 • കൈരളിക്ക്‌ ലഭിച്ച കുഞ്ചന്‍റെ തുള്ളല്‍ത്രയം
 • ഒരു കുഞ്ഞു നാടക കളരി :: രംഗപ്രഭാത്
 • അരങ്ങത്ത് ഒരു നവരസ ശില്പി - ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍
 • കടയ്ക്കല്‍ വിസ്മയം - മജീഷ്യന്‍ ഷാജു കടയ്ക്കല്‍
 • Photo Feature
 • 'BakaVadham' Kathakali organized by Drisyavedi. Photo feature by Hareesh N Nampoothiri
 • Brave Festival 2014 - Rama Vaidyanathan
 • Santhanagopalam Kathakali organized by Drisyavedi. Photo feature by Hareesh N Nampoothiri
 • An exhibition of mastery, Bharatanatyam by Rama Vaidyanathan @ Soorya Festival
 • 'NARTAN' an evening of Kathak. Photo Feature
 • Kalabharathi National Young Dance Fest 2013
 • Centenary of Indian Cinema
 • Jyothirgamaya, 10th annual celebration of Natyakalari
 • Nizhalattam 'Soul of Shados' a photo & painting Exhibition by facebook fraternity tvmdot.in
 • Classical tribute to Dr Rajkumar & PB Sreenivas
 • News & Reviews (In English)
 • ‘Naad Bhed’ The Mystery of Sound, A Reality Show on Classical Music
 • Kalasagar Award 2013 Announced
 • Kalabharathi National Young Dance Fest 2013
 • The 1st Janabheri National Theatre Festival (JNTF 2013)
 • Violin Maestro Lalgudi Jayaraman is no more
 • Janabheri National Theatre Festival 2013 (JNTF)
 • Mahindra Excellence in Theatre Awards (META)
 • Week-day drama by KSNA
 • 5th International Theatre Festival of Kerala to begin on January 15
 • News & Reviews (In Malayalam)
 • ഉസ്താദിന്‍ തന്ത്രിയില്‍ സരോദിന്‍ വിസ്മയം
 • "ഭൈമീ നൈഷധം" - തിരനോട്ടം പ്രവാസി മലയാളികൾക്ക് നല്കിയ വിഷുകൈനീട്ടം
 • സംസ്‌കൃതിഭവനില്‍ നാടകക്കളരിക്ക് തുടക്കമായി
 • വി സാംബശിവന്‍ പുരസ്കാരം സുനില്‍ദത്തിന്
 • പത്മശ്രീ സുകുമാരി അന്തരിച്ചു
 • പ്രതിവാര നാടകോത്സവം ഏപ്രില്‍ 2 മുതല്‍
 • സ്വരലയ-കൈരളി-യേശുദാസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
 • ഈണം - സ്വരലയ സോങ് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2012 പ്രഖ്യാപിച്ചു
 • കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു
 • സംഗീതനാടക അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു
More Articles
Copyright protected. 
All rights reserved to Thiraseela.com