ദ്രാവിഡ പുത്രി - ഹിമ ശങ്കര്‍

"എന്നെ ശത്രുവായി കണ്ടിരുന്നവരും ഞാന്‍ തകര്‍ന്നു പോകാന്‍ ആഗ്രഹിച്ചവരും തിങ്ങി നിറഞ്ഞ സദസ്സില്‍ വച്ച് വളരെ ഗംഭീരമായി നാടകം അവസാനിച്ചപ്പോള്‍ എനിക്ക് ഉണ്ടായ സന്തോഷവും ആത്മവിശ്വാസവും തന്നെയാണ് എന്നെ ഇപ്പോളും മുന്നോട്ട് നയിക്കുന്നത്."

നാടക രംഗത്ത്  സ്വന്തം  കഥാപാത്രങ്ങളെ അനശ്വരമാക്കി അഭിനയ കൊടുമുടിയില്‍ എത്തിയിട്ടുള്ള നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റും ഉണ്ട്‌. പണ്ട് കാലങ്ങളില്‍ മാത്രമല്ല ഇപ്പോളും അതൊന്നും അന്യം നിന്ന് പോയിട്ടില്ല എന്നുള്ളതാണ് സത്യം. ചുരുക്കം എങ്കിലും ഇപ്പോളും നാടക രംഗത്തെ പുത്തന്‍ പ്രതീക്ഷകളായി ഉയര്‍ന്നു വരുന്ന ഒട്ടേറെ കലാകാരികള്‍ ഉണ്ട്. നാടക കലയെപ്പറ്റി അക്കാദമി തലത്തില്‍ തന്നെ പഠിച്ച്, പഠനത്തിനിടയില്‍ തന്നെ വേദികള്‍ തോറും ജ്വലിക്കുന്ന താരമാകുന്ന, അഭിനയത്തെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് വെച്ച  ഹിമ ശങ്കര്‍ താന്‍ ഒരു തികഞ്ഞ അഭിനേത്രി തന്നെയെന്നു ഇതിനകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഹിമയുടെ വിശേഷങ്ങളിലേക്ക് ... വീട് - ബാല്യം - മാതാപിതാക്കള്‍ ? 

തൃശൂര്‍ കൊടകരയാണ് വീട്. നാട്ടിന്‍പുറത്തെ ഒരു സാധാരണ കര്‍ഷക കുടുംബം. പുസ്തകങ്ങളോട് വളരെ ഇഷ്ടമുള്ള എന്നാല്‍ കലയോട് ഒട്ടും ബന്ധമില്ലാത്ത ഒരു വീടായിരുന്നു എന്റേത്. കുട്ടിക്കാലത്ത് എനിക്ക് ഡാന്‍സ് പഠിക്കണം എന്നായിരുന്നു. പക്ഷെ വീട്ടുകാര്‍ക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. വീട്ടില്‍ അച്ഛനും അമ്മയും ഒരു അനുജനും ഉണ്ട്. ഓടിച്ചാടി നടന്നൊരു ബാല്യം ഉണ്ടായിരുന്നു എനിക്ക്. നാട്ടിന്‍പുറത്തെ എല്ലാ പ്രത്യേകതകളും ഇപ്പോളും എന്നിലുണ്ട്.

പത്താം ക്ലാസ്സ്‌ വരെ കൊടകര ഡോണ്‍ ബോസ്കോ ഗേള്‍സ് ഹൈസ്കൂളിലും പ്ലസ്ടു ആളൂര്‍ RMHSS ലും ആയിരുന്നു പഠിച്ചത്. പ്ലസ്ടുവില്‍ സയന്‍സ് ഗ്രൂപ്പ്‌ ആയിരുന്നു. സയന്‍സിനോട് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു. പക്ഷെ സ്കൂളില്‍ സംസ്കൃതത്തിനു ഫുള്‍ മാര്‍ക്കും കിട്ടുമായിരുന്നു. അതിനോടുള്ള ഇഷ്ടം കൊണ്ട് ഡിഗ്രിക്ക് സാന്‍സ്ക്രിറ്റ് വേദാന്തം തീയറ്റര്‌ കോഴ്സ് എടുത്തു പഠിച്ചു. സംസ്കൃതം മെയിന്‍ എടുത്തിട്ട് സബ് ആയി നാടകം എടുത്ത ആദ്യത്തെ വിദ്യാര്‍ഥി ആയിരുന്നു ഞാന്‍.

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ?

ചെറുപ്പം മുതല്‍ക്കേ പേടി കുറവുള്ള ഒരു കുട്ടിയായിരുന്നു ഞാന്. എന്തു കാര്യത്തെയും ധൈര്യത്തോടെ സമീപിക്കുമായിരുന്നു. ഡാന്‍സ് പഠിപ്പിക്കില്ലാന്നു ഏതാണ്ട് ഉറപ്പായപ്പോളാണ് നാടകം തിരഞ്ഞെടുത്തത്. അതാകുമ്പോള്‍ വേറെ പഠനത്തിന്റെ ആവശ്യമില്ലല്ലോ. അങ്ങനെ നാടകം സ്വയം എഴുതി സംവിധാനം ചെയ്തു അഭിനയിച്ചു തുടങ്ങി. പിന്നെ എഴുത്തിലേക്കും ചിത്രം വരക്കലിലേക്കും തിരിഞ്ഞു. ഒത്തിരി മത്സരങ്ങളില്‍ പങ്കെടുക്കാനും സമ്മാനങ്ങള്‍ നേടുവാനും കഴിഞ്ഞു. മുപ്പത്തിയഞ്ചു വയസുള്ളവര്‍ വരെ പങ്കെടുത്ത ഒരു മത്സരത്തില്‍ പതിനഞ്ചു വയസായ എനിക്ക് കഥ എഴുതി ഒന്നാം സമ്മാനം വാങ്ങാന്‍ കഴിഞ്ഞത് എഴുത്തിനോടുള്ള താല്‍പര്യവും ആത്മവിശ്വാസവും കൂട്ടി. സ്കൂള്‍ ഓഫ് ഡ്രാമയിലെ ജീവിതം ?

വല്ലാത്ത ഒരു ഒറ്റപ്പെടലായിരുന്നു സ്കൂള്‍ ഓഫ് ഡ്രാമയില്‍. അവിടെ എത്തുമ്പോള്‍ എനിക്ക് നാടകത്തില്‍ മുന്‍പരിചയമോ ഒന്നിനെയും കുറിച്ച് ഒരു അറിവോ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ആകെ രണ്ടു പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ക്ലാസ്സില്‍. പണ്ടു മുതല്‍ക്കേ ഞാനൊരു 'freedom talker' ആയിരുന്നു. എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും അതിനു വേണ്ടി വാദിക്കുകയുംചെയ്യും. മോഡേണ്‍ ഡ്രസ്സ്‌ ധരിക്കുന്നതും ഇഷ്ടമല്ലാത്ത കാര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുകയും ചെയ്യുന്നത് എന്റെ ഒരു പ്രത്യേകത ആയിരുന്നു. നാടകം പഠിക്കാന്‍ വേണ്ടി ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റായി ഉള്‍കൊള്ളൂകയും അഹങ്കാരി എന്ന് മുദ്ര കുത്തി ഒറ്റപ്പെടുത്തുകയും ചെയ്തു. എനിക്കവിടെ പെട്ടെന്ന് ഒന്നിനോടും പൊരുത്തപ്പെടുവാന്‍ കഴിഞ്ഞില്ല. ഇതൊക്കെ കൊണ്ടാകാം എന്റെ നാടകത്തില്‍ നിന്നും പലരും ഒഴിഞ്ഞുമാറി. എന്നിട്ടും ഫസ്റ്റ് ഇയര്‍ കുട്ടികളെ വച്ച് നാടകം ഞാന്‍ നന്നായി തന്നെ അവതരിപ്പിച്ചു. എന്തായാലും ഒരു സ്ത്രീ എന്ന രീതിയിലും ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും എനിക്ക് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും സാധിച്ചത് ഈ സമയത്തായിരുന്നു.  

സ്കൂള്‍ ഓഫ് ഡ്രാമയിലെ മറക്കാനാകാത്ത അനുഭവം?

അത്തരം അനുഭവങ്ങള്‍ ഒത്തിരി ഉണ്ടെങ്കിലും എന്റെ ഡ്രാമ ചെയ്തു അവസാനിപ്പിച്ച നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും ടെന്‍ഷന്‍ അടിച്ച നിമിഷമായിരിക്കും അത്. എന്നെ ശത്രുവായി കണ്ടിരുന്നവരും ഞാന്‍ തകര്‍ന്നു പോകാന്‍ ആഗ്രഹിച്ചവരും തിങ്ങി നിറഞ്ഞ സദസ്സില്‍ വച്ച് വളരെ ഗംഭീരമായി നാടകം അവസാനിച്ചപ്പോള്‍ എനിക്ക് ഉണ്ടായ സന്തോഷവും ആത്മവിശ്വാസവും തന്നെയാണ് എന്നെ ഇപ്പോളും മുന്നോട്ട് നയിക്കുന്നത്. എനിക്ക് ഒത്തിരി അംഗീകാരങ്ങളും അഭിനന്ദനവും കിട്ടിയ ഒന്നായിരുന്നു ദേവശിലകള്‍ എന്ന ആ നാടകം.നാടകം എന്ന കലയെ ഏതു രീതിയില്‍ നോക്കിക്കാണുന്നു ?

നാടകം എന്ന കലയ്ക്കു ഒരു ഫ്രീ ഫോം ഉണ്ട്. നമുക്ക് ഏതൊരു വിഷയത്തെയും അതില്‍ കൊണ്ടെത്തിക്കാം. നമ്മുടെ ശരീരം ഉപയോഗിച്ച് നമ്മള്‍ ചെയ്യുന്നത് വളരെ കുറച്ചാണെങ്കിലും മുന്നിലിരിക്കുന ഓഡിയന്‍സിലേക്കുള്ള  reach വളരെ ശക്തമാണ്. അതുപോലെ തന്നെ സാമുഹികമായി ഇടപെടാനും പറ്റിയ ഒരു മാധ്യമമാണ് നാടകം. ചരിത്രം നോക്കിയാല്‍ തന്നെ മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വളര്‍ച്ച തന്നെ "നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി" എന്ന നാടകത്തിലുടെ ആണല്ലൊ? പക്ഷെ ഇന്ന് ദൃശ്യ മാധ്യമങ്ങളുടെ കടന്നു കയറ്റം മൂലം നാടകത്തിന്റെ പ്രസക്തി വളരെ കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും നാടകത്തിന്റെ നേരിട്ടുള്ള സംവേദന ശക്തി മറ്റൊന്നിനും സാധ്യമല്ല. 

ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയകള്‍ എങ്ങനെ പ്രയോജനപ്പെടുത്തുന്നു ?

എന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ മുതല്‍ വളരെ സീരിയസ് ആയ വിഷയങ്ങള്‍ വരെ ഷെയര്‍ ചെയ്യാനും ചര്‍ച്ച ചെയ്യാനും ഉള്ള ഒരു മീഡിയ ആയിട്ടാണ്  ഞാന്‍ ഫേസ്ബുക്കിനെ കാണുന്നത്. എനിക്ക് പറയാനുള്ളതെല്ലാം വളരെ ഇന്‍സ്റ്റന്റ് ആയി പതിനായിരത്തിലധികം പേരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നത് നിസ്സാര കാര്യമല്ല. സ്ത്രീ സംബന്ധമായ നിരവധി വിഷയങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. കുറച്ചു നാള്‍ മുന്‍പ് വരെ എന്നെ ചീത്ത പറയാന്‍ വേണ്ടി മാത്രം ഫേക്ക് പ്രൊഫൈലുകള്‍ ഉണ്ടായിരുന്നു. എന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നവരും അല്ലാത്തവരും ഉണ്ട്. ഇത്തരത്തില്‍ പ്രതികരിക്കുന്നത് കൊണ്ട് വളരെ ആരോഗ്യകരമായ രീതിയില്‍ ആശയവിനിമയം നടത്തുന്ന ധാരാളം സുഹൃത്തുക്കളും എനിക്കുണ്ട്.

നാടക രംഗത്തേക്ക് അടിയന്തിരമായി കൊണ്ട് വരേണ്ട മാറ്റങ്ങള്‍ ?

ശരിക്കും പറഞ്ഞാല്‍ നാടകങ്ങള്‍ സിനിമകളെ പോലെ ദിവസവും ഒരു തീയറ്ററിലെങ്കിലും കാണിക്കുന്ന രീതി വരണം. സിനിമകള്‍ ടിക്കറ്റ്‌ എടുത്തു കാണുന്നത് പോലെ നാടകങ്ങളും കാണണം. നാടകങ്ങള്‍ക്ക് നിരവധി വേദികള്‍ ഉണ്ടാകണം. നാടക സമിതികള്‍ക്കും കലാകാരന്മാര്‍ക്കും സാമ്പത്തിക പരിരക്ഷ ഉണ്ടാവണം.  എല്ലാവരും ഇഷ്ടപെടുന്ന രീതിയില്‍ എല്ലാ ചേരുവകളും ചേര്‍ത്ത് കലാമുല്യമുള്ള നാടകങ്ങളിലുടെ നല്ല പ്രേക്ഷകരെ ഉണ്ടാക്കണം.  ജനങ്ങള്‍ സിനിമയെ എങ്ങനെ സ്നേഹിക്കുന്നോ അതുപോലെ നാടകങ്ങളെയും സ്നേഹിക്കണം. നാടക രംഗത്തെ സ്ത്രീകളുടെ അപര്യാപ്തതയെ കുറിച്ച് ?

സ്ത്രീകള്‍ കുറവാണ് എന്നത് ഒരു വസ്തുതയാണ്. പലരും ഇഷ്ടം കൊണ്ട് മാത്രം വരുന്നതാണ്. അതുപോലെ തന്നെ പണ്ടു മുതല്‍ക്കേ നാടകം ചെയ്യുന്നവരോടും അതിനു വേണ്ടി ജീവിക്കുന്നവരോടൊക്കെ പൊതുവെ ഉള്ള മനോഭാവം മോശമാണ്. നാടകം സമൂഹത്തിനു വേണ്ടി കളിക്കുന്നു എന്നല്ലാതെ ഈ രംഗത്ത് നിന്നും മതിയായ വേതനം നാടക സമിതിക്കു പോലും കിട്ടാറില്ല. ഓരോരോ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ശരീരം മുഴുവന്‍ നന്നായി ഉപയോഗിക്കേണ്ട ഒരു മേഖല കൂടിയാണ് നാടകം. അതിനു തയ്യാറാകുന്ന ശരിക്കും നാടകം എന്താണെന്ന് തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ഇതിനോട് പൊരുത്തപ്പെട്ടു പോകാന്‍ കഴിയുള്ളൂ. സ്ത്രീകളോടുള്ള സമീപനം മാറിയാല്‍ അവരെ ബഹുമാനിച്ചു തുടങ്ങിയാല്‍ തീര്‍ച്ചയായും സ്ത്രീകള്‍ വന്നു തുടങ്ങും.

അഭിനയം - സംവിധാനം. എതിനോടാണ് കൂടുതല്‍ താല്പര്യം ?

അഭിനയമാണ് കൂടുതല്‍ ചെയ്യുന്നതെങ്കിലും സംവിധാനമാണ് എനിക്കിഷ്ടം. സംവിധാനം മാത്രമായി ഇതുവരെ ചെയ്തിട്ടില്ല. അഭിനയിക്കാന്‍ മറ്റു നടിമാരെ കിട്ടാതെ വരുമ്പോള്‍ എനിക്കു തന്നെ ചെയ്യേണ്ടി വരും. ഉപനിഷത്തുക്കളില്‍ ഏറ്റവും മഹത്തരമായ കഠോപനിഷത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ദൃശ്യാവിഷ്കാരം ആണ് ഇപ്പോള്‍ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ അത് പൂര്‍ത്തിയാകും. 

ഇതുവരെ ചെയ്ത നാടകങ്ങള്‍ ?

സഖാറം ബൈന്‍ഡര്‍ (അഭിനയ), താഴ്വരയിലെ പാട്ട്, ഒരു കഥാ നാടകം (തിയറ്റര്‍ ഓഫ് ഗുഡ് ഹോപ്), പ്രവാചക, ആണുങ്ങള്‍ ഇല്ലാത്ത പെണ്ണുങ്ങള്‍ (നിരീക്ഷ), യമദൂത് (ജനഭേരി), സോപ്പ് ചീപ്പ് കണ്ണാടി (ജയപ്രകാശ് കുളൂര്‍). ഇവയ്ക്കു പുറമേ സ്കൂളിലും കോളേജിലുമായി നിരവധി നാടകങ്ങള്‍ വേറെയും.  വയലാറിന്റെ "താടക" എന്ന കവിത "ദ്രാവിഡ പുത്രി" എന്ന പേരിലുള്ള നാടകാവിഷ്കാരമാക്കി മാറ്റി മാര്‍ച്ച്‌ 27 ലോക നാടകദിനത്തില്‍ ഏറണാകുളത്ത് അവതരിപ്പിക്കുന്നു. ജി അജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നാടകത്തിലെ തടാകപുത്രിയായ താടകയെ വേറിട്ട രീതിയില്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. രാമനില്‍ ആദ്യമായി പ്രണയം ജനിപ്പിച്ചവളെ, ആര്യ വംശത്തിന്റെ കടന്നു കയറ്റങ്ങളെ ആദ്യമായി ചെറുത്തു നിന്ന ധീരയായ പെണ്ണിനെ, നിശാചരി ആയി മുദ്ര കുത്തപ്പെട്ടു. പ്രണയിച്ചവനാല്‍ തന്നെ കൊല ചെയ്യപ്പെട്ട വിന്ധ്യശൈലത്തിന്റെ പുത്രിയെ എന്നിലേക്കാവാഹിക്കാന്‍ ശ്രമിക്കുന്നു. വയലാര്‍ എഴുതി മധുസൂദനന്‍ നായര്‍ ചൊല്ലിയ ഈ കവിതയുടെ സ്വതന്ത്ര നാടകാവിഷ്കാരം സ്റ്റേജില്‍ എത്തുന്ന ദിവസവും കാത്തിരിക്കുന്നു ഞാന്‍. താടകയെ ഞാന്‍ സ്നേഹിച്ചു തുടങ്ങി. നിങ്ങളും സ്നേഹിച്ചു തുടങ്ങുക... 

പ്രണയം - വിവാഹം - ദാമ്പത്യം?

പ്രണയം എനിക്കിഷ്ടമാണ്. ഒരുപാടു ആഗ്രഹങ്ങള്‍ ഉള്ള വ്യക്തി ആണ് ഞാന്‍. അതെല്ലാം മാനിക്കുന്ന എന്റെ ശരീരത്തിനെയും മനസിനെയും ഒത്തിരി കെയര്‍ ചെയ്യുന്ന ഒരാളോടൊപ്പം ആയിരിക്കും എന്റെ ജീവിതം. കല്യാണം കഴിക്കുന്നതിനെക്കാള്‍ കൂടെ ജീവിക്കുക എന്നതിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. എന്നെ നന്നായി മനസിലാക്കി ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിവാഹം കഴിക്കും. 
തയ്യാറാക്കിയത് 
ശിവന്‍ വെങ്കിടങ്ങ് | (രംഗചേതന, തൃശ്ശൂര്‍) 
 • Special Stories
 • സംഗീത നീലിമയില്‍ സിതാര ...
 • കൈരളിക്ക്‌ ലഭിച്ച കുഞ്ചന്‍റെ തുള്ളല്‍ത്രയം
 • ഒരു കുഞ്ഞു നാടക കളരി :: രംഗപ്രഭാത്
 • അരങ്ങത്ത് ഒരു നവരസ ശില്പി - ശ്രീ തോന്നയ്ക്കല്‍ പീതാംബരന്‍
 • കടയ്ക്കല്‍ വിസ്മയം - മജീഷ്യന്‍ ഷാജു കടയ്ക്കല്‍
 • Photo Feature
 • 'BakaVadham' Kathakali organized by Drisyavedi. Photo feature by Hareesh N Nampoothiri
 • Brave Festival 2014 - Rama Vaidyanathan
 • Santhanagopalam Kathakali organized by Drisyavedi. Photo feature by Hareesh N Nampoothiri
 • An exhibition of mastery, Bharatanatyam by Rama Vaidyanathan @ Soorya Festival
 • 'NARTAN' an evening of Kathak. Photo Feature
 • Kalabharathi National Young Dance Fest 2013
 • Centenary of Indian Cinema
 • Jyothirgamaya, 10th annual celebration of Natyakalari
 • Nizhalattam 'Soul of Shados' a photo & painting Exhibition by facebook fraternity tvmdot.in
 • Classical tribute to Dr Rajkumar & PB Sreenivas
 • News & Reviews (In English)
 • ‘Naad Bhed’ The Mystery of Sound, A Reality Show on Classical Music
 • Kalasagar Award 2013 Announced
 • Kalabharathi National Young Dance Fest 2013
 • The 1st Janabheri National Theatre Festival (JNTF 2013)
 • Violin Maestro Lalgudi Jayaraman is no more
 • Janabheri National Theatre Festival 2013 (JNTF)
 • Mahindra Excellence in Theatre Awards (META)
 • Week-day drama by KSNA
 • 5th International Theatre Festival of Kerala to begin on January 15
 • News & Reviews (In Malayalam)
 • ഉസ്താദിന്‍ തന്ത്രിയില്‍ സരോദിന്‍ വിസ്മയം
 • "ഭൈമീ നൈഷധം" - തിരനോട്ടം പ്രവാസി മലയാളികൾക്ക് നല്കിയ വിഷുകൈനീട്ടം
 • സംസ്‌കൃതിഭവനില്‍ നാടകക്കളരിക്ക് തുടക്കമായി
 • വി സാംബശിവന്‍ പുരസ്കാരം സുനില്‍ദത്തിന്
 • പത്മശ്രീ സുകുമാരി അന്തരിച്ചു
 • പ്രതിവാര നാടകോത്സവം ഏപ്രില്‍ 2 മുതല്‍
 • സ്വരലയ-കൈരളി-യേശുദാസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
 • ഈണം - സ്വരലയ സോങ് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2012 പ്രഖ്യാപിച്ചു
 • കലാമണ്ഡലം രാമന്‍കുട്ടി നായര്‍ അന്തരിച്ചു
 • സംഗീതനാടക അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു
More Articles
Copyright protected. 
All rights reserved to Thiraseela.com